അന്‍വര്‍ റഷീദ്, ഫഹദ്-നസ്രിയ, സെന്‍സര്‍ ബോര്‍ഡ് വിവാദം - ട്രാന്‍സ് കാണാനുള്ള 6 കാരണങ്ങള്‍

Home > Malayalam Movies > Malayalam Cinema News

By |

ആവേശകരമായ കാത്തിരിപ്പ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നത്രയും വലി ഹൈപ്പ് ആണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ നാളെ റിലീസിനെത്തുന്ന ട്രാന്‍സിന് പ്രേക്ഷകര്‍ക്കിടയിലുള്ളത്. ചിത്രത്തിന്റെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ വിറ്റ് കഴിഞ്ഞിരിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഓരോ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ ടീസറും ട്രൈലറും ട്രെന്‍ഡ് ലിസ്റ്റുകളില്‍ ഇടം പിടിച്ചു. കാത്തിരിപ്പിനൊടുവില്‍ ട്രാന്‍സ് നാളെ തീയേറ്ററുകളിലെത്തുകയാണ്. ട്രാന്‍സ് കാണാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

6 top reason to Watch Trance | Anwar Rasheed | Fahad Faasil etc

ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്

ട്രാന്‍സ് കാണാന്‍ പ്രേക്ഷകര്‍ക്ക് നിരവധി കാരണങ്ങളുണ്ട്. അന്‍വര്‍ റഷീദ് എന്ന പേരാണ് അതില്‍ ഏറ്റവും വലിയ കാരണം. വെറും നാല് ചിത്രങ്ങളും രണ്ട് ചെറു ചിത്രങ്ങളും മാത്രമാണ് ഇതുവരെ അന്‍വര്‍ റഷീദിന്റെ കരിയറില്‍ ഉള്ളത് എന്നിട്ടും ഈ സംവിധായകന്റെ ചിത്രത്തിന് വേണ്ടി ആളുകള്‍ ഇത്രത്തോളം കാത്തിരിക്കുന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസമാണ്. ഓരോ ചിത്രവും അത്രത്തോളം വ്യത്യസ്തമായും എന്‍ഗേജിംഗ് ആയും അവതരിപ്പിക്കാന്‍ കഴിവുള്ള സംവിധായകനാണ് അന്‍വര്‍ റഷീദ്. ഏഴുവര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് തിരിച്ചെത്തുന്നു എന്നതാണ് ട്രാന്‍സിന്റെ പ്രധാന ഹൈപ്പുകളിലൊന്ന്.

ഫഹദ് ഫാസില്‍ - നസ്രിയ കൂട്ട്‌കെട്ട്

വിവാഹത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന സിനിമ. വിവാഹത്തിന് ശേഷം നസ്രിയ പൃഥ്വിരാജ് ചിത്രം കൂടെയിലൂടെ തിരിച്ച് വന്നെങ്കിലും ശേഷം ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. നസ്രിയ പ്രത്യക്ഷപ്പെട്ട 'രാത്ത്' എന്ന ട്രാന്‍സിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒന്‍പത് മാസത്തിന് ശേഷം ഫഹദ് ഫാസില്‍ ബോക്‌സ് ഓഫിസിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ഇരുവരും പുതിയ ഗെറ്റ്അപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഫഹദിന്റെ ഗെറ്റ് അപ്പ് നേരത്തെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും നസ്രിയയുടെ ലുക്ക് ടീസര്‍ വന്നപ്പോള്‍ മാത്രമാണ് വെളിപ്പെട്ടത്. ഫഹദ് ഫാസില്‍ ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ വേഷത്തിലെത്തുമ്പോള്‍ എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത്.  ഇരുവരുടെയും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ട്രാന്‍സ്.

റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈന്‍

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന് വേണ്ടി സിങ്ക് സൗണ്ട് ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസന്‍ പെര്‍ഫെക്ഷനോടെ തീര്‍ക്കണമെന്ന നിര്‍ബന്ധമാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ട് പോവാനുള്ള ഒരു കാരണം തന്നെ. റസൂല്‍ പൂക്കുട്ടി ഒരുക്കിയിരിക്കുന്ന മാജിക് എന്തായിരിക്കുമെന്നുള്ള ആകാംക്ഷയും ട്രാന്‍സിലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

സംഭവം കളറാക്കാന്‍ അമല്‍ നീരദ്

അമല്‍ നീരദ് എന്ന പേര് മാത്രം മതി ചിത്രത്തിലെ ദൃശ്യമിഴിവിന്റെ ഗ്യാരന്റിക്ക്. അത്രയധികം മലയാളികള്‍ക്ക് പരിചിതമായ ദൃശ്യഭാഷയാണ് അമല്‍ നീരദിന്റേത്. അന്‍വര്‍ റഷീദിനൊപ്പം അമല്‍ നീരദ് ഒന്നിക്കുന്നു എന്നത് ഏത് സിനിമാ പ്രേക്ഷകനെയും മോഹിപ്പിക്കാന്‍ പോന്ന കോംബിനേഷനാണ്. ചിത്രത്തിന്റെ ട്രൈലറില്‍ നിന്ന് തന്നെ അമല്‍ നീരദിന്റെ ഫ്രെയിമുകളുടെ ഒറ്റനോട്ടം നമുക്ക് കാണാവുന്നതാണ്. പുതിയ തരം സാങ്കേതിക വിദ്യയിലുള്ള ക്യാമറയും സ്റ്റൈലും പരീക്ഷിച്ച ചിത്രം കൂടിയാണ് ട്രാന്‍സ്.

സെന്‍സര്‍ ബോര്‍ഡ് വിവാദം

ചിത്രത്തിനായി കാത്തിരുന്ന ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. ചിത്രം സെന്‍സര്‍ ചെയ്ത തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് 17 മിനിറ്റ് ഭാഗം മുറിച്ച് നീക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് സംവിധായകന്‍ വഴങ്ങാതായതോടെ ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. അവിടെ നിന്നാണ് ചിത്രത്തിന് ഒരു കട്ടുമില്ലാതെ യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഫെബ്രുവരി 14-ന് റീലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം 20-ലേക്ക് മാറ്റാന്‍ കാരണം ഇതായിരുന്നു.

ഗൗതം മേനോന്‍, വിനായകന്‍, സൗബിന്‍

തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തില്‍ വില്ലനായിട്ട് എത്തുന്നതെന്നാണ് ട്രൈലര്‍ നല്‍കുന്ന സൂചന. കമ്മട്ടിപ്പാടത്തിലെ 'അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്‍ മകനേ' എന്ന ഹിറ്റ് പാട്ടിന് ശേഷം വിനായകന്‍ ടൈറ്റില്‍ സോങ്ങ് ഒരുക്കിയ ചിത്രമാണ് ട്രാന്‍സ്. വിനായകന്‍ ചിത്രത്തില്‍ ഒരു കഥാപാത്രമായും എത്തുന്നുണ്ട്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്.

അന്‍വര്‍ റഷീദ്, ഫഹദ്-നസ്രിയ, സെന്‍സര്‍ ബോര്‍ഡ് വിവാദം - ട്രാന്‍സ് കാണാനുള്ള 6 കാരണങ്ങള്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்