'ദുല്‍ഖര്‍ സല്‍മാന്‍ പ്രസന്റ്‌സ്' - നടന്‍ മുതല്‍ നിര്‍മാതാവ് വരെ; ദുല്‍ഖറിന്റെ എട്ടു വര്‍ഷം

Home > Malayalam Movies > Malayalam Cinema News

By |

എട്ടു വര്‍ഷം മുമ്പൊരു ഫെബ്രുവരി 3-ന് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഒരു ചിത്രം തീയേറ്ററുകളിലെത്തി. നായകന്‍ മലയാളത്തിലെ എക്കാലത്തെയും മെഗാ താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ താരപുത്രന്‍ എന്ന ലേബല്‍ ഒട്ടും ഉപയോഗിക്കാതെ വന്‍ ഹൈപ്പുകള്‍ക്ക് നിന്ന് കൊടുക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ദുല്‍ഖറിന്റെ ആദ്യ ചിത്രം 'സെക്കന്‍ഷോ' വെള്ളിത്തിരയില്‍ എത്തിയത്. ദുല്‍ഖറിന്റെ ആദ്യ ചിത്രം തമിഴില്‍ ആയിരിക്കുമെന്നും, അതല്ല മലയാളത്തിലെ തന്നെ സൂപ്പര്‍ സംവിധായകര്‍ക്കൊപ്പമായിരിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പൂര്‍ണമായും നവാഗതരായ ടീമിനൊപ്പം ഒരു പരീക്ഷണ ചിത്രത്തിനായി ദുല്‍ഖര്‍ കൈകോര്‍ത്തത്.

Dulquer Salmaan's 8 Year: From Second Show to Varane Avashyamud

ബോക്‌സ് ഓഫിസില്‍ സെക്കന്‍ഡ് ഷോ വലിയ പ്രകടനം കാഴ്ചവച്ചില്ലെങ്കിലും ദുല്‍ഖറിന്റെ കരിയറിലെ മികച്ച സിനിമയായി ഇന്നും ചിത്രം കണക്കാക്കപ്പെടുന്നു. മലയാളത്തില്‍ സണ്ണി വെയ്ന്‍ എന്ന താരത്തിന് ഉദയം നല്‍കിയ ചിത്രം കൂടിയാണ് സെക്കന്‍ഡ് ഷോ.

സെക്കന്‍ഡ് ഷോയിലെ 'ഇന്‍ട്രൊഡ്യൂസിംഗ് ദുല്‍ഖര്‍ സല്‍മാന്‍' എന്ന ടൈറ്റിലില്‍ നിന്ന് 'ദുല്‍ഖര്‍ സല്‍മാന്‍ പ്രസന്റ്‌സ്' എന്ന് കാണിച്ച ദുല്‍ഖറിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം വരെ എത്തി നില്‍ക്കുന്നു താരത്തിന്റെ സിനിമാ ജീവിതം.

മുപ്പതോളം ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി ഇതുവരെ പുറത്തിറങ്ങിയത്. മെഗാതാരത്തിന്റെ മകന്‍ എന്ന ലേബല്‍ ഒന്നുമുപയോഗിക്കാതെ തന്റെ സ്വന്തം കഴിവും കരിസ്മയും കൊണ്ട് ഒരു വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ ദുല്‍ഖറിനായിട്ടുണ്ട്.

ആദ്യ ചിത്രം പൂര്‍ണമായി പരീക്ഷണത്തിന് വിട്ട് നല്‍കിയെങ്കിലും ഒരു സൂപ്പര്‍ ടീമിനൊപ്പമാണ് ദുല്‍ഖര്‍ രണ്ടാമതെത്തിയത്. അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി. ഇന്നും മലയാളികള്‍ ആവര്‍ത്തിച്ച് കാണുന്ന ചിത്രങ്ങളിലൊന്നാണ് ഉസ്താദ് ഹോട്ടല്‍.

തീവ്രമായ പ്രതികാര കഥപറയുന്ന രൂപേഷ് പീതാംബരന്റെ 'തീവ്ര'ത്തിലും ദുല്‍ഖര്‍ നായകനായെങ്കിലും ഒരു അടിപൊളി യൂത്തിന്റെ പ്രതിനിധിയായുള്ള ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി പിന്നീട് വന്ന ചിത്രങ്ങള്‍ അധികവും. നാട് വിട്ടോടുന്ന പയ്യന്‍, ബുള്ളറ്റ് തുടങ്ങിയ സ്റ്റീരിയോ ടൈപ്പിലേക്കും ഇടക്കാലത്ത് ദുല്‍ഖര്‍ വന്ന് പോയി.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ലി, സി.ഐ.എ തുടങ്ങിയ ചിത്രങ്ങള്‍ ഈ നാട് വിട്ടോടുന്ന പയ്യന്‍ ഇമേജില്‍ വന്ന ചിത്രങ്ങളാണ്. പൊതു ഘടകങ്ങള്‍ ആവര്‍ത്തിച്ച് വരുന്നുണ്ടെങ്കിലും വ്യത്യസ്തമായ അവതരണത്തോടെ ഓരോ ചിത്രവും ബോക്‌സ് ഓഫിസില്‍ വിജയം കൊയ്തു.

തെലുഗില്‍ പുറത്തിറങ്ങിയ മഹാനടിയാണ് ദുല്‍ഖറിന്റെ അഭിനയ ജീവിതത്തില്‍ വൈകാരികമായ പ്രകടനത്തെ മാക്‌സിമം ഉപയോഗിച്ചതും അത്തരം റോളിലേക്ക് ദുല്‍ഖറിനെ പാകപ്പെടുത്തിയതും. ബിജോയ് നമ്പ്യാരുടെ സംവിധാനത്തിലൊരുങ്ങിയ സോളോയില്‍ നാല് കഥകളിലായി നാല് വ്യത്യസ്ത വേഷങ്ങളിലെത്തിയും ദുല്‍ഖര്‍ അത്ഭുതപ്പെടുത്തി.

2014-ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായ മൂടി പേസവും എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ തമിഴിലും അരങ്ങേറ്റം കുറിച്ചു. നസ്രിയ നായികയായ ചിത്രത്തിന് വലിയ വിജയം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. മണിരത്‌നം ചിത്രം 'ഒകെ കണ്‍മണി'യാണ് ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രം. അമിതാബ് ബച്ചന്‍ വരെയുള്ള താരങ്ങളില്‍ നിന്ന് ദുല്‍ഖറിന് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ഒകെ കണ്‍മണി.

സാവിത്രിയുടെ ജീവിത കഥ പറയുന്ന 'മഹാനടി'യിലൂടെ തെലുങ്കിലും ഇര്‍ഫാന്‍ ഖാനൊപ്പം കര്‍വാനിലൂടെ ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യമറിയിച്ചു. ബോളിവുഡില്‍ സോയ ഫാക്ടര്‍ എന്ന ചിത്രവും ദുല്‍ഖറിന്റേതായി വന്നു. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രം പണിപ്പുരയിലാണ്.

പുതുമുഖ സംവിധായകരെ കൂടുതല്‍ പരിഗണിക്കുന്ന കരിയര്‍ ഗ്രാഫാണ് ദുല്‍ഖറിന്റേത്. മൂപ്പതോളം ചിത്രങ്ങളില്‍ എട്ട് ചിത്രങ്ങള്‍ പുതുമുഖങ്ങള്‍ക്കൊപ്പമായിരുന്നു. ആദ്യ ചിത്രം സെക്കന്‍ഡ് ഷോ തന്നെ പുതുമുഖമായ ശ്രീനാഥ് രാജേന്ദ്രനൊപ്പമായിരുന്നു. രൂപേഷ് പീതാംബരന്‍ (തീവ്രം), അഴകപ്പന്‍(പട്ടം പോലെ), ശരത് ഹരിദാസന്‍(സലാല മൊബൈല്‍സ്), ബാലാജി മോഹന്‍(സംസാരം ആരോഗ്യത്തിന് ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡേയ്‌സ് ഓഫ് ലവ്) സൗബിന്‍ ഷാഹിര്‍ പറവ,

യമണ്ടന്‍ പ്രണയകഥ(ബി സി നൗഫല്‍) എന്നിവയാണ് ദുല്‍ഖര്‍ പുതുമുഖങ്ങള്‍ക്കൊപ്പം ഒന്നിച്ച ചിത്രങ്ങള്‍.

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള പുതിയ ചിത്രം 'കുറുപ്പി'ല്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്റെ സിനിമാ ജീവിതത്തിന്റെ എട്ടാം വര്‍ഷം ദുല്‍ഖര്‍ ആഘോഷിച്ചു. എട്ടാം വര്‍ഷത്തെക്കുറിച്ച് തന്റെ ഓര്‍മകള്‍ പങ്കുവച്ച് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'ഈ വര്‍ഷത്തെ ആ ദിവസം വീണ്ടും വന്നിരിക്കുകയാണ്. സിനിമ എന്ന അത്ഭുത ലോകത്തിലേക്ക് ഞാന്‍ കാലുവെച്ച ദിവസം. കഴിഞ്ഞ എട്ടു വര്‍ഷത്തെ സിനിമ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരുപാട് കാര്യങ്ങളാണ്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് മുന്നോട്ട് പോകാന്‍ കഴിഞ്ഞു. പുതിയ ചിത്രങ്ങള്‍  തിരഞ്ഞെടുക്കുന്നതിലും പുതിയ ഭാഷകളില്‍ സിനിമകള്‍ അഭിനയിക്കാനും എന്നെ ഒരുപാട് സഹായിച്ചു. ഇന്ന് എനിക്ക് ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പേടി ഇല്ല. അത് പ്രേക്ഷകരായ നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും കാരണമാണ്. എന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'  സംവിധാനം ചെയ്ത ശ്രീജിത്തിനൊപ്പമാണ് ഇപ്പോള്‍ വീണ്ടും ഞാന്‍  'കുറുപ്പ്' എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളെയും നോക്കി കാണുന്നത്. ഈ വര്‍ഷം എല്ലാവര്‍ക്കും ഞാന്‍ ഒരുപാട് സ്‌നേഹവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ  എന്ന് നേരുന്നു'.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்